Sunday, August 23, 2009

നോവ്

കുഞ്ഞു പൂക്കളെ
കാണാതെ
ഞാന്‍ തീര്‍ത്ത
വസന്തങ്ങളില്
ആയിരം കറുത്ത പക്ഷികള്
ചിറകിട്ടടിക്കവെ

ഈ ജനലുകള്ക്കിപ്പുറത്തെ
തേങ്ങലുകളുടെ
രാപ്പാര്റ്ക്കലുകളില്
നിന്റെ തണലുകള്‍
എന്റെ ഉള്ളില്
ഞാന്‍ അറിയാതെ
സുഗന്ധം തിരഞ്ഞപ്പോള്‍

എന്റെ കണ്ണുകള്‍
നിറഞ്ഞതും
മൊഴികള്‍ അടര്ന്നതും
നിന്‍റെ നെഞ്ചിന്‍ വരമ്പില്‍
എന്‍റെ സ്വപ്ന കൂട് വിരിഞ്ഞതും

എല്ലാം കാലത്തിന്റെ
എകാന്തതക്ക് ഇരുളടഞ്ഞീകൈവഴികളില്
എനിക്ക് കൂട്ടായി മാത്രം
വന്ന തണുപ്പാറ്ന്ന
ചെറു വേദനകള് മാത്രം

Tuesday, July 14, 2009

പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?

മഴ കാണുമ്പോഴെല്ലാം ഇറങ്ങി നടക്കാന് തൊന്നും.
പവിയുടെ വല്യ ഒരാഗ്രഹമായിരുന്നു എന്റെ കൂടെ മഴയത്തു നടക്കണമെന്ന്... ഒരുപാടു കഥകള് പറഞ്ഞുതരണമെന്ന്....
അന്ന് ആശുപത്രി വരാന്തയില് ,മഞ്ഞനിറം മൂടിയ മിഴികളിലൂടെ അവസാനമായി എന്നെ നോക്കിയപ്പോള് ആ മിഴികളില് കണ്ടതും മഴയാണ്....ജീവിക്കാന് കൊതിയുള്ള ഒരു പച്ച മനുഷ്യന്റെ പ്രതീക്ഷയുടെ മഴ....
കുമ്പസാരങ്ങളുടെ മഴ....
അല്ലെങ്കിലും ദൈവം വല്യ തമാശക്കാരനാ...
ജീവിക്കാന് കൊതിക്കുന്നോര്ക്കെല്ലാം മരണം സമ്മാനമായി നല്കും...മരിക്കാന് ആഗ്രഹിക്കുന്നോര്ക്കു ജീവിതവും...
മരണത്തെ സ്വകാര്യമായി പ്രണയിച്ചു നടന്നിരുന്ന നാളുകളിലാണു ജീവിതത്തെ ആര്ത്തിയോടെ നോക്കുന്നവര്ക്കിടയിലേക്കെന്നെ മൂര്ത്തി സാര് അയച്ചത്...
മനുഷ്യായുസ്സിലെ ഏറ്റവും വലിയ മാരകരോഗത്തിന്റെ കൈപ്പിടിയില് കിടന്ന് പിടഞ്ഞും തകര്ന്നും ജീവിക്കുന്ന ഒരുകൂട്ടം ജഡങ്ങള്...
സ്വപ്നങ്ങളുടെ കാവല്ക്കാരിയെ ഈ ദുരിതങ്ങള്ക്കിടയിലേയ്ക്കയച്ച ഭൂതകാലത്തെ ശപിച്ചുകൊണ്ട്, വരിവരിയായി കിടക്കുന്ന കട്ടിലുകള്ക്കരികിലൂടെ, ഏങ്ങിനെയെങ്കിലും അപ്പുറത്തേക്കെത്തിയാല് മതി എന്ന തോന്നലോടെ വേഗത്തില് നടക്കുമ്പോള് തോന്നി...ആരോ വിളിച്ചോ?
പിന്തിരിഞ്ഞു നോക്കി...ചാരനിറമുള്ള കമ്പിളിപുതപ്പിനുള്ളില് നിന്നും നോവിന്റെ ഒരശരീരി.
"കുറച്ചു വെള്ളം തര്യൊ..? തൊണ്ട വരളുന്നു.."
ആണൊ പെണ്ണൊ എന്നു മനസ്സിലാവാത്ത ,എല്ലുന്തിയ ശരീരം ചെറുതായി പിടിച്ചുയര്ത്തി വെള്ളകുപ്പി ചുണ്ടോടടുപ്പിക്കുമ്പോള് ഒരു ഞെട്ടലോടെ തന്നെ തരിച്ചറിഞ്ഞു...!
അതൊരു പുരുഷന്റെ ശരീരമാണ്..!
ആ രണ്ടിറക്കു വെള്ളത്തിലൂടെ ഒരു ജന്മത്തിന്റെ മുഴുവന് ശാപവും ഉള്ളിലേക്കിറക്കി പൂച്ചകണ്ണുകളിലൂടെ പവി നോക്കിയപ്പോള്
പേടിയില്ലാതെ ഒരു പുരുഷനെ നോക്കാന് കഴിഞ്ഞ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലായിരുന്നു ഞാന്...
പിന്നീടങ്ങോട്ട് എല്ലാം ഒരല്പ്പം ആശ്ചര്യം കലര്ത്തിതന്നെയാണ് പവി എന്ന ചിത്രം വരച്ചെടുക്കാനായത്..
പനി ബാധിച്ചു തളര്ന്നു പോയ കൈ ചൂണ്ടിക്കാട്ടി മേശപ്പുറത്തിരുന്ന ഫോട്ടോയിലെ സുമുഖനായ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി തരുമ്പോള് പവിക്കെന്താവേശമായിരുന്നു...!
മഹാനഗരത്തിലെ സായഹ്നങ്ങളെക്കുറിച്ചും ജീവനുള്ള വില്പ്പന ചരക്കുകളെ ക്കുറിച്ചുമൊക്കെ വര്ണ്ണിക്കുമ്പോള് ഒരു ഇരുപത്തെട്ടുകാരന്റെ ജീവിതത്തിലുണ്ടായിരുന്ന നിറങ്ങളെ തിരിച്ചറിഞ്ഞു...
തോന്ന്യാക്ഷരങ്ങള് കുത്തിനിറച്ച ത്രിസന്ധ്യകളുടെ ആക്കെത്തുകയായി കിട്ടിയ അസുഖത്തെ കുറിച്ച് പറയുമ്പോഴും ഒരു ചെറു ചിരിയുണ്ടായിരുന്നു ചുണ്ടില്...
ആ ഫോട്ടൊയില് ക്ഷീണിച്ചൊട്ടിയ മുഖം ചേര്ത്ത്, "നോക്കമ്മൂ, ഞാന് സുന്ദരനല്ലെ ഇപ്പൊഴും..!" എന്നു പറഞ്ഞ പവിയുടെ മുന്നില് പൊട്ടികരഞ്ഞതെന്തിനാണെന്നെനിക്കിന്നും അറിയില്ല....
പൊതിച്ചോറുരുട്ടി വായില് വച്ചു കൊടുക്കുമ്പോള്‍ .....അവനെന്റെ മടിയില്‍ തലചായ്ച്ചുറങ്ങട്ടെ എന്നു ചോദിച്ചപ്പോള്‍ അമ്മയെന്ന വികാര‍ത്തിന്റെ നിര്‍വ്രിതി ഉള്ളിലുറവ കൂടുന്നതറിഞ്ഞു.
മടിയില്‍ കിടന്നു വിമ്മികരഞ്ഞപ്പോള്‍ അമ്മയുടെ ഉള്ളിലെ കയ്പ്പുനീരും അറിഞ്ഞു."
എനിക്കു മരിക്കാന്‍ വയ്യ അമ്മു....നിന്റെ ദൈവങ്ങളോടൊന്നു പറയ്യൊ എനിക്കു കുറച്ചു കാലം കൂടി തരാന്‍...? ജീവിക്കാന്‍ വല്ലാത്തൊരു കൊതിതോന്നുന്നു....പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?"
കരച്ചിലിനിടയില്‍ എപ്പൊഴോ പറഞ്ഞ രണ്ടു വരികള്‍..........അവിടെ വരണ്ട തൊണ്ടയോടെ,മനുഷ്യനെന്ന ലോകത്തിലെ ഏറ്റവും നിസ്സഹായജീവിയെ കണ്ടു.
നാളെ വരാമെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ ,പിറ്റേന്നു ആശുപത്രി വരാന്തയില്‍ പവിയുടെ നെറ്റിയില്‍ നിന്നും മരണത്തിന്റെ തണുപ്പരിച്ചുകേറിയപ്പോള്‍ എന്നിലെ മരണമെന്ന കാമുകന്‍ ഓടിയകലുന്ന ശബ്ദം കേട്ടു.
പകരം തളര്‍ന്നൊരു ശബ്ദം മാത്രം...."ജീവിക്കാന്‍ വല്ലാത്തൊരു കൊതിതോന്നുന്നു....പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?"
**** **** *****

Saturday, July 4, 2009

ഭ്രാന്തി

“ച്ലും”………. ശബ്ദം കേട്ടു തിരിഞ്ഞപ്പോൾ പുറകിൽ ഉണ്ണിക്കുട്ടൻ. “ന്താ അവിടൊരൊച്ചാ കേട്ടൂലൊ… …? ….ഈശ്വരാ…പൊട്ടിച്ചൂലൊ ആ കുരുത്തം കെട്ട ചെക്കൻ… എല്ലാം പടുമുളയാണല്ലോ ന്റെ ഗുരുകാർന്നോന്മാരേ….” തളത്തിൽ അമ്മമ്മേടെ ശാപവിളി….

“ഞാൻ ഒന്നും ചെയ്തില്ല്യാ അമ്മുചേച്ചി…ഓടിയപ്പൊ
അറിയാണ്ടെ കൈ തട്ടീതാ…..അമ്മമ്മ എല്ലാത്തിനും ന്നോട് ദേഷ്യപ്പെടും…”

വിതുമ്പാൻ തുടങ്ങിയ അവനെ ചേർത്താശ്വസിപ്പിക്കുമ്പോൾ ഓർത്തു. നിന്നോടു മാത്രമല്ല…ഇയിടെയായി എല്ലാരോടും ഇങ്ങനെത്തന്നെയാ……പാവം എന്റെ അമ്മമ്മ….തറവാടിനും സന്തതി പരമ്പരകൾക്കും വേണ്ടി പ്രാർത്ഥിച്ചും നോമ്പുനോറ്റും തളർന്നു പോയിരിക്കുന്നു…..
ചെയ്ത പ്രർത്ഥനകൾക്കൊന്നും ഫലമില്ല്ലതായീന്നു തോന്നുമ്പോൾ എല്ലാരും ഇങ്ങനെത്തന്നെയാവും…..എല്ലാത്തിനേയും ശപിക്കും…കണ്ണീരില്ലാതെ കരയും….ഒടുവിൽ സത്യത്തെ സ്വീകരിക്കും. പക്ഷെ….…

ആറ്റുനോറ്റും ഉരുളികമിഴ്ത്തിയും ഉണ്ടാ‍യ, തറവാട്ടിലെ ഒരേ ഒരു പെൺതരി ബോധത്തിന്റേയും അബോധത്തിന്റേയും നീർച്ചാലുകളിൽ എവിടെയൊക്കെയോ മുങ്ങിത്തപ്പുമ്പോൾ…..
അത്ര എളുപ്പമൊന്നുമല്ല അത്…എന്നാലും…..

ഉണ്ണികുട്ടനെ സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോൾ തളത്തിൽ നിന്നും വിളികേട്ടു….പൂജ തുടങ്ങാനിട്ടുണ്ടാവും….താഴെ ഗന്ധർവ്വ പൂജയാണ്…കന്യകയായ പേരക്കുട്ടിയുടെ ആയുസ്സും ആരോഗ്യവും തിരിച്ചുകൊടുക്കാൻ ഗന്ധർവ്വനോടു പ്രാർത്ഥിക്ക്യാണ് അമ്മമ്മ….

താഴേക്കിറങ്ങുമ്പോൾ വെറുതെ കണക്കു കൂട്ടാൻ നോക്കി…എത്രാമത്തെ പൂജയാണിത്…? നാല്…അല്ല അഞ്ച്….അതോ ആറോ..? എന്നായിരുന്നു അവസാനത്തെ പൂജ…? ഇന്നലെ…?
ഇന്നലെ ഞാൻ ഉണ്ടായിരുന്നോ…? അപ്പൊ നാളെ…?

ഓർമ്മിക്കാൻ പറ്റുന്നില്ല… എനിക്കു ചിരി വരുന്നു…..അക്കങ്ങളും അക്ഷരങ്ങളും എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നു….

നിറങ്ങൾ വാരിവിതറിയ കളത്തിൽ ഇരുത്തിയപ്പോൾ ചുറ്റിനും നോക്കി…എല്ലാരുടെയും ശ്രദ്ധ പൂജയിലാണ്…
വീണ്ടും ചിരി വന്നു….
ഇപ്പൊ വരും…അവൻ….എന്റെ ഗന്ധർവ്വൻ…
ഇപ്പൊ വിളിക്കും അവൻ…“പെണ്ണേ….എടീ…”

എന്നും ഞാൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കും ഇവിടെ…എനിക്കു പെട്ടെന്നു ദേഷ്യം വരും…അതുകൊണ്ടാ….
പക്ഷെ പൂജയിൽ ഞാനൊരു വേലയും കാണിക്കില്ല…പൂജയിൽ അവൻ വരും…എനിക്കവനെ കാണണം…എനിക്കു മാത്രെ അവനെ കാണാൻ കഴിയൂ…

പൂജാരിയെ എനിക്കിഷ്ട്ടല്ല….എന്നെ തുറിച്ചു നോക്കും എപ്പൊഴും….
പൂജാരിയുടെ മുന്നിൽ പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ടാവും അവനെ…പൂജ തുടങ്ങിയാൽ അവൻ എണീറ്റു വരും…ഞങ്ങൾ ഒരുപാടു സംസാരിക്കും…അവനെന്റെ മടിയിൽ തല ചായ്ച്ചു കിടക്കും…ഞാൻ പറയണതെല്ലാം കേൾക്കും…ചെലപ്പൊ എന്നെ ഉമ്മ വയ്ക്കും…എല്ലാ ചടങ്ങും കഴിഞ്ഞ് , പൂജാരിയ്ക്കു ദക്ഷിണ കൊടുക്കാൻ അമ്മമ്മ പറയുന്ന നേരം വരെ…
.അപ്പൊ അവനെന്നൊടു പൊയ്ക്കോളാൻ പറയും…ഞാൻ പതുക്കെ എണീറ്റു പോവും…..തിരിഞ്ഞു നോക്കിയാലും അവൻ അവിടെത്തന്നെ ഉണ്ടാവും….

പക്ഷെ….?
ഇന്നെന്താ പറ്റിയേ…? ഇന്നെന്താ വരാത്തേ…..?
മറന്നോ എന്നെ…?
പറ്റില്ല….എനിക്കവനെ കാണണം…“അമ്മമ്മേ….എനിക്കവനെ കാണണംന്നാ പറഞ്ഞെ…..”എന്റെ ശബ്ദം കൂടി പോയോ…? അയാളെന്തിനാ എന്നെ തുറിച്ചു നോക്കണെ…?

എന്നെ അടിക്കണ്ടാന്നു അയാളോടൊന്നു പറയു അമ്മമ്മെ…എനിക്കു വേദനിക്കണ്ണ്ട്….നല്ലോണം വേദനിക്കണ്ണ്ട്….
അല്ല അയാളല്ല…അയാളല്ല എന്നെ അടിക്കണെ….വേറെ ആരൊ..?
അവൻ…!
അവനാ എന്നെ അടിക്കണെ…!
എന്തിനാ….എന്തിനാ….അവൻ….എന്നെ…?
വേണ്ട…വേണ്ട…..എന്നെ ഒന്നും ചെയ്യണ്ടാ…ഒന്നു പറയ്യ്യൊ…ആരെങ്കിലും….?
തലകറങ്ങുന്ന പോലെ…എന്നെ പിടിക്കു…അല്ലെങ്കിൽ ഞാൻ ഇപ്പൊ വീഴും….
അമ്മമ്മേ…..അമ്മമ്മേ……?
“ഈശ്വരന്മാരെ…..എന്റെ കുട്ടിയെ കാത്തോളണേ….” മടിയിലേയ്ക്കു എന്റെ ശിരസ്സെടുത്തു വയ്ക്കുമ്പൊൾ അമ്മമ്മേടെ ശബ്ദം….
താനെ അടഞ്ഞു പോകുന്ന കണ്ണിലേയ്ക്കു മടങ്ങുമ്പോഴും വെറുതെ ഓർത്തു…..പാവമല്ലെ ഞാൻ….? സ്നേഹിച്ചിട്ടല്ലെയുള്ളു അവനെ… ?
പിന്നെന്തിനാ…?അവനെന്തിനാ എന്നെ അടിച്ച്ത്...? വേദനിപ്പിച്ചത്….?
എന്തിനാ എന്നെ………???

Tuesday, June 30, 2009

മയിൽ പീലി കൂട്ടം

ഒരുപാടു കാലമായി ആഗ്രഹിക്കുന്നതാണ് അവരെ കുറിച്ചൊക്കെ എഴുതാൻ….
ആരൊക്കെയോ ചേർന്നു വിഷകന്യകയാക്കിയ ഒരു പെണ്ണിനെ കുറിച്ചും അവൾ കണ്ടിട്ടുള്ള, അറിഞ്ഞിട്ടുള്ള , അനുഭവിച്ചിട്ടുള്ള ഒരുപാടൊരുപാടു നന്മ മരങ്ങളെക്കുറിച്ചുമൊക്കെ…
ഇതൊരു കഥയാണൊ എന്നറിയില്ല…ഉള്ളിലെ മയിൽ പീലി കൂട്ടത്തിന്റെ ശബ്ദമാവാം…
കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും ആഘോഷമാക്കുന്ന , പാട്ടുകേട്ടാൽ കരയുന്ന ,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ഒരു വട്ടുകേസിന്റെ കുറെ ഭ്രാന്തുകളിൽ ഒരു ഭ്രാന്താവാം…
പക്ഷെ വരികൾക്കിടയിൽ എവിടെയെങ്കിലും കുറച്ചു കാര്യമുണ്ടാവും… കുറേ മണ്ടത്തരവും…..
എത്രത്തോളം അതു വായിക്കുന്നവരിലേയ്ക്ക് എത്തിയ്ക്കാനാവുമെന്നറിയില്ല…എന്നാലും ശ്രമിക്കാം…

അപ്പുവിനെ കുറിച്ചുതന്നെ ആയിക്കോട്ടെ ആദ്യം……

ഓർമ്മയിൽ അപ്പുവെന്നാൽ ആദ്യത്തെ ചിത്രം ഒരു ചിരിയാണ്…
കയ്യിൽ സ്ക്കൂൾ മുറ്റത്തുനിന്നും പ്യൂൺ കുട്ടേട്ടന്റെ കണ്ണിൽ പെടാതെ എങ്ങിനെയോ പൊട്ടിച്ചെടുത്ത ഒരു കുല റോസ് നിറത്തിലുള്ള കടലാസ്പൂക്കൾക്കിടയിൽ മറ്റൊരു പൂവായി ചിരിക്കുന്ന അപ്പു…..

എല്ലാവരും സ്ലേറ്റിൽ വച്ചുരയ്ക്കുന്ന പച്ചാ‍തണ്ടിനെ അദ്ഭുതത്തോടു കൂടി നോക്കി നിൽക്കുന്ന അഞ്ചു വയസ്സുകാരിയോട് സ്വകാര്യത്തിൽ, എന്നൽ ഒരൽ‌പ്പം ഗൌരവത്തോടുകൂടി തന്നെ,“ മണ്ടൂസ് ലുട്ടാപ്പി, അതു മഷിതണ്ടാണ്” എന്നു പറയുന്ന അപ്പു…
അമ്പലത്തിലെ പാൽ പായസം കിട്ടാൻ വേണ്ടി വടക്കേലെ പറമ്ബിൽ നിന്നും കിട്ടിയ മഞ്ചാടിക്കുരുവെല്ലാം അമ്മൂന് കൊണ്ടുത്തരുന്ന അപ്പു…
നടക്കുംബൊഴെല്ലാം തട്ടി തട്ടി വീണിരുന്ന കളികൂട്ടുകാരിയൂടെ കാലിൽ കമ്മ്യുണിസ്റ്റ് പച്ചായുടെ നീരൊഴിച്ച്, നീറി അവൾ കരഞ്ഞപ്പോൾ അവളേക്കാൾ ഉച്ചത്തിൽ കരഞ്ഞിരുന്ന അപ്പു...
ഒടുവിൽ ഒരു വൈകുന്നേരം കണ്ണുപൊത്തികളിക്കിടയിൽ ദൂരേയ്ക്കു ദൂരേയ്ക്കു മാഞ്ഞുപോയ അപ്പു…..
പോയപ്പോൾ കൂടെ കൊണ്ടുപോയത് ഒരു ബാല്യത്തിന്റെ മുഴുവൻ കൌതുകമാണ്.. ഒരുപാടുപേരുടെ ഇനിയും തോരാത്ത കണ്ണീരാണ്…
ഏറ്റവുമൊടുവിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു ബാല്യകാലസഖിയുടെ ആദ്യത്തെ താങ്ങും…..
നീ അറിയുന്നുണ്ടോ അപ്പു…? നിന്റെ മണ്ടൂസ് ലുട്ടാപ്പി എപ്പോഴോ വിഷകന്യകയായത്……
അവളെ വച്ചു നടത്തിയ ചൂതുകളികളിൽ ആനയും കുതിരയും ഏറ്റുമുട്ടിയത്….
അവൾക്കു ചുറ്റും ഈയ്യാംപാറ്റകളായി മനുഷ്യർ ചത്തൊടുങ്ങിയത്….
വരില്ലെന്നെല്ലാരും പറയുംബോഴും അറിയാം…….എത്ര യുഗങ്ങൾക്കപ്പുറത്തായാലും തിരിച്ചു വരാതിരിക്കാനാവില്ല നിനക്ക്…
നീ വരും…...അമ്മുവിന് മാത്രം കേൾക്കാനാവുന്ന മഴ പെയ്യിക്കുന്ന ഒരു രാഗമായി……..

പേരിടാനില്ല………………

ഉണർന്നപ്പോൾ ചെറിയൊരു ജലദോഷകോൾ… കണ്ണുതുറന്നത് എന്നത്തേയും പോലെ ദീപ്തിയുടെ കോട്ടൺ സാരിയുടെ ഉൽച്ചിലും , മറീനയുടെ ഒരിക്കലും തീരാത്ത സംശയങ്ങളും,മോക്ഷിയുടെ ഒന്നര വർഷമായിട്ടും ഇനിയും ഞങ്ങൾക്കു തിരിച്ച് അറിയാനായിട്ടില്ലാത്ത ഏതോ ഉത്തരേന്ത്യൻ ഭാഷയിലെ പ്രാർത്ഥനയും സുസ്മിയുടെ നിശബ്ദതയും സമം ചേർത്ത ഉണർത്തുപാട്ട് കേട്ടാണ്.
പത്തൊൻപതു പെൺകുട്ടികളും ഒരു കുളിമുറിയുമെന്ന സമസ്യയുടെ ഉത്തരം കണ്ടു പിടിക്കാൻ കിടക്കുബ്ബോൾ ഓർത്തു….
ഹോസ്റ്റ്ല് മുറിയിലെ അഞ്ചു പെൺകുട്ടികളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങ്ളും പരിഭവങ്ങളും നിറഞ്ഞ ദിവസങ്ങൾക്കു വിട പറയാനായിരിക്കുന്നു…കൂടിവന്നാൽ 10 ദിവസം കൂടി…
ഓർമ്മയിലേക്കോടിയെത്തുന്നു മറ്റൊരു പെൺലോകം… നീളൻ വരാന്തയിൽ തമിഴും മലയാളവും തെലുങ്കും കന്നടയും ഹിന്ദിയും എല്ലാം നിറഞ്ഞാടിയിരുന്ന ഒരു ലോകം….ഭാഷകളും ശാസ്ത്രങ്ങളും അറിവുകളും അറിവുകേടുകളും പാട്ടും ഡാൻസും
തർക്കങ്ങളും കരച്ചിലുകളും സ്വവർഗ്ഗപ്രണയങ്ങളും ഇനിയും കെട്ടറുക്കാനാവാത്ത സുഹ്രത്ത്ബന്ധങ്ങളും രാവെളുപ്പിച്ചിരുന്ന ലോകം.
ശബ്ദമുണ്ടാക്കി ചിരിക്കുന്ന ,ഉച്ച്ത്തിൽ സംസാരിക്കുന്ന പെൺകുട്ടികളെയെല്ലാം സംശയദ്രിഷ്ടിയോടെ മാത്രം നോക്കിയിരുന്ന സന്ധ്യ ടീച്ച്ർ
നീളൻ വരാന്തയിൽ വച്ചിട്ടുള്ള നിലകണ്ണാടികളിൽ മുഖം നോക്കുന്ന 16കാരി പെൺകുട്ടികളുടെ ഉള്ളിലെ ചതുർത്ഥിയായിരുന്ന മീര ഭായി
നെഞ്ചിൽ ഒരുപാടു നൊംബരങ്ങളെ കെട്ടിയിട്ട് മുള്ള് കൊണ്ടൂ നെയ്ത വിരിയിട്ടു മൂടിയ ബിന്ദു ടീച്ച്ർ…
പണക്കാരുടെ സ്ക്കൂളിൽ ടീച്ച്ർ ആയി വന്നുപെട്ടു എന്നോർത്ത് വിലപിച്ചിരുന്ന, പാവപ്പെട്ട വീട്ടിൽ ജനിച്ചുപോയി എന്നത് ഒരു കുറ്റമായി സ്വയം കരുതിയിരുന്ന
ജാൻസി
ചെന്തമിഴിന് രൂപം കൊടുത്താലെന്നപോലെ സുന്ദരിയായിരുന്ന, സ്വന്തം വ്യക്തിത്വത്തിന് നന്മ എന്നൊരർഥ്ം കൂടി എഴുതി ചേർത്ത കനിമൊഴി..
അങ്ങനെ അങ്ങനെ ഒരുപാടു മുഖങ്ങൾ
പിന്നെ…………
പെണ്ണത്തത്തിന്റെ ഏറ്റവും ആഘോഷകാലത്തിനു നിറച്ചാർത്തേകിയ നൂറ് കണക്കിനു കൌമാരക്കാരികളും……………
വ്യാപാര ശാസ്ത്രവും തന്ത്രങ്ങളും പറഞ്ഞു കൊടുത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന തിരക്കിലെപ്പോഴാണ് അവളെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നോർമ്മയില്ല…
തിളങ്ങുന്ന മുഖവും ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന കണ്ണുകളും എന്നുമുതലാണ് സ്റ്റാഫ് റൂമിലും ഹോസ്റ്റ്ലിലും ചർച്ചാവിഷയമായി തീർന്നത്…?

ഹോസ്റ്റലിൽ മെസ്സ് ഹാളിലാണ് ആ പേര് ആദ്യം കേട്ടത്. ലേഡി ഹിറ്റ്ലർ രാധിക ടീച്ച്റിനെ ചോദ്യം ചെയ്ത +2 കൊമേഴ്സിലെ പുതിയ അഡ്മിഷൻ…..ദീപശ്രീ രഘുറാം… പിക്കാൻ മിടുക്കി…നന്നായി ചിത്രം വരയ്ക്കും….സുന്ദരികുട്ടി….

സ്ക്കൂൾ ബസ്സിൽ കയറുംബൊഴും ഇറങ്ങുംബൊഴും പെൺകുട്ടികളിൽ കാമശാസ്ത്രത്തിന്റെ ബാലപാ‍്ങ്ങ്ൾ പരീക്ഷിക്കാൻ ശ്രമിച്ചിരുന്ന മുരുകന്റെ മുഖത്ത്, ബസ്സിൽ നിന്നും വലിച്ചിറക്കി നാലുവിരല്പാടു പതിപ്പിച്ചാണ് അവളാദ്യം ആ പെൺപടയുടെ കൈയ്യടി വാങ്ങിയത്. പതുക്കെ പതുക്കെ അവൾ സ്ക്കൂളിലെ പെൺകുട്ടികളുടെ ആ‍രാധനാപാത്രമായി….തെറ്റുകണ്ടാൽ മുഖം നോക്കതെ ചോദ്യം ചെയ്ത ശ്രീ ഞങ്ങളിൽ കുറേ പേരുടെയെങ്കിലും പ്രിയപ്പെട്ടവളായി.ചിലരുടെ കണ്ണിലെ കരടും……
അതുകൊണ്ടുതന്നെ,
ക്ലാസ്സ് ടെസ്റ്റിന് കോപ്പിയടിച്ചു എന്ന കുറ്റത്തിന് സന്ധ്യ ടീച്ച്ർ ശ്രീയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയെന്നു കേട്ടപ്പോൾ , ആദ്യം തോന്നിയത് അവിടെ ചെല്ലാനാണ്. കാഴ്ച ഗംഭീരമായിരുന്നു.കണ്ടത് ഒരു ചെംബരുത്തി പൂവാണ്. രക്തത്തിൽ മുങ്ങികിടക്കുന്ന ഒരു പെൺകുട്ടിയാണതെന്നു തിരിച്ചറിഞ്ഞപ്പോൾ നെഞ്ചിലൊരു തീയാണ് തോന്നിയത്.
പിന്നെ…നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയുടെ മുന്നിൽ വേദനയുടെ വായു ശ്വസിച്ചുകൊണ്ടു ശ്രീക്കു വേണ്ടി അറിയാവുന്ന ദൈവങ്ങളെ വിളിക്കുംബോൾ ആരുടെയൊക്കെയോ മൊഴികളിൽ നിന്നും പലതും കേട്ടു…. പതിനാലുവയസ്സുകാരി മകളെ വീട്ടിലാക്കി പോയൊരച്ച്ച്നും അമ്മയും തിരിച്ചു വന്നപ്പോൾ ആരൊക്കെയൊ ചേർന്ന് കടിച്ചു കുടഞ്ഞിട്ട ഒരു മകളെ കുറിച്ച്….ആരുടെയൊക്കെയൊ കാമത്തിനു പകരമായി അവളുടെ ഗർഭപാത്രം തന്നെ കൊടുക്കേണ്ടി വന്നത്… ഭ്രാന്തു കയറിയ മനസ്സിൽ സ്വന്തം അച്ചനെ പോലും ഭയപ്പാടോടെ നോക്കിയിരുന്നത്…..

ഒടുവിൽ കാർന്നു തിന്നുന്ന ഓർമ്മകളിൽ നിന്നും അർത്ഥ്മില്ലാത്ത കുറ്റപ്പെടുത്തലുകളിൽ നിന്നും രക്ഷപ്പെടാൻ മഹാനഗരത്തിലേയ്ക്കു പറിച്ചു നടാൻ നോക്കിയ ഒരു കുടുംബം.

‍ആ ആശുപത്രികിടക്കയിൽ നിന്നും പിന്നെ ശ്രീ ഞങ്ങൾക്കിടയിലേയ്ക്കു വന്നില്ല. ആ മുറിയിൽ തന്നെ ജീവനൊടുക്കി ദുരിതങ്ങളോടു വിട പറഞ്ഞു അവൾ….. സഹതാപത്തെ എന്നും ഭയന്നിരുന്നിരിന്നു അവൾ…സഹതപിക്കാനൊട്ടും ഇട നൽകാതെ തന്നെ അവൾ കടന്നു പോയി...ജീവിച്ചിരുന്ന എണ്ണപ്പെട്ട നിമിഷങ്ങളിലൂടെ ഇന്നും അവൾ സാനിധ്യമറിയിച്ചുകൊണ്ട്…ഇനിയും മരിച്ചിട്ടില്ലത്ത ഒരു പിടി മനസ്സുകളിലൂടെ…..
ഏതു ലോകത്തും നിനക്കു മോക്ഷം കിട്ടും ശ്രീ…..ഭൂമിയിലേറ്റവും നിഷ്ക്കളങ്കമായി നിന്നെ പ്രണയിച്ച, അടർന്നു പോയിട്ടും നിന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തിയ ഒരു പാവം നസ്രണി ചെക്കന്റെ പ്രാർത്ഥന കാത്തോളും നിന്നെ…..
ശ്രീക്കു വിട. പേരറിയാത്ത നൂറു നൂറു പെണ്ണുങ്ങളുടെ കണ്ണീരിനിയും ബാക്കി കിടക്കുന്നു......