Tuesday, July 14, 2009

പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?

മഴ കാണുമ്പോഴെല്ലാം ഇറങ്ങി നടക്കാന് തൊന്നും.
പവിയുടെ വല്യ ഒരാഗ്രഹമായിരുന്നു എന്റെ കൂടെ മഴയത്തു നടക്കണമെന്ന്... ഒരുപാടു കഥകള് പറഞ്ഞുതരണമെന്ന്....
അന്ന് ആശുപത്രി വരാന്തയില് ,മഞ്ഞനിറം മൂടിയ മിഴികളിലൂടെ അവസാനമായി എന്നെ നോക്കിയപ്പോള് ആ മിഴികളില് കണ്ടതും മഴയാണ്....ജീവിക്കാന് കൊതിയുള്ള ഒരു പച്ച മനുഷ്യന്റെ പ്രതീക്ഷയുടെ മഴ....
കുമ്പസാരങ്ങളുടെ മഴ....
അല്ലെങ്കിലും ദൈവം വല്യ തമാശക്കാരനാ...
ജീവിക്കാന് കൊതിക്കുന്നോര്ക്കെല്ലാം മരണം സമ്മാനമായി നല്കും...മരിക്കാന് ആഗ്രഹിക്കുന്നോര്ക്കു ജീവിതവും...
മരണത്തെ സ്വകാര്യമായി പ്രണയിച്ചു നടന്നിരുന്ന നാളുകളിലാണു ജീവിതത്തെ ആര്ത്തിയോടെ നോക്കുന്നവര്ക്കിടയിലേക്കെന്നെ മൂര്ത്തി സാര് അയച്ചത്...
മനുഷ്യായുസ്സിലെ ഏറ്റവും വലിയ മാരകരോഗത്തിന്റെ കൈപ്പിടിയില് കിടന്ന് പിടഞ്ഞും തകര്ന്നും ജീവിക്കുന്ന ഒരുകൂട്ടം ജഡങ്ങള്...
സ്വപ്നങ്ങളുടെ കാവല്ക്കാരിയെ ഈ ദുരിതങ്ങള്ക്കിടയിലേയ്ക്കയച്ച ഭൂതകാലത്തെ ശപിച്ചുകൊണ്ട്, വരിവരിയായി കിടക്കുന്ന കട്ടിലുകള്ക്കരികിലൂടെ, ഏങ്ങിനെയെങ്കിലും അപ്പുറത്തേക്കെത്തിയാല് മതി എന്ന തോന്നലോടെ വേഗത്തില് നടക്കുമ്പോള് തോന്നി...ആരോ വിളിച്ചോ?
പിന്തിരിഞ്ഞു നോക്കി...ചാരനിറമുള്ള കമ്പിളിപുതപ്പിനുള്ളില് നിന്നും നോവിന്റെ ഒരശരീരി.
"കുറച്ചു വെള്ളം തര്യൊ..? തൊണ്ട വരളുന്നു.."
ആണൊ പെണ്ണൊ എന്നു മനസ്സിലാവാത്ത ,എല്ലുന്തിയ ശരീരം ചെറുതായി പിടിച്ചുയര്ത്തി വെള്ളകുപ്പി ചുണ്ടോടടുപ്പിക്കുമ്പോള് ഒരു ഞെട്ടലോടെ തന്നെ തരിച്ചറിഞ്ഞു...!
അതൊരു പുരുഷന്റെ ശരീരമാണ്..!
ആ രണ്ടിറക്കു വെള്ളത്തിലൂടെ ഒരു ജന്മത്തിന്റെ മുഴുവന് ശാപവും ഉള്ളിലേക്കിറക്കി പൂച്ചകണ്ണുകളിലൂടെ പവി നോക്കിയപ്പോള്
പേടിയില്ലാതെ ഒരു പുരുഷനെ നോക്കാന് കഴിഞ്ഞ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലായിരുന്നു ഞാന്...
പിന്നീടങ്ങോട്ട് എല്ലാം ഒരല്പ്പം ആശ്ചര്യം കലര്ത്തിതന്നെയാണ് പവി എന്ന ചിത്രം വരച്ചെടുക്കാനായത്..
പനി ബാധിച്ചു തളര്ന്നു പോയ കൈ ചൂണ്ടിക്കാട്ടി മേശപ്പുറത്തിരുന്ന ഫോട്ടോയിലെ സുമുഖനായ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി തരുമ്പോള് പവിക്കെന്താവേശമായിരുന്നു...!
മഹാനഗരത്തിലെ സായഹ്നങ്ങളെക്കുറിച്ചും ജീവനുള്ള വില്പ്പന ചരക്കുകളെ ക്കുറിച്ചുമൊക്കെ വര്ണ്ണിക്കുമ്പോള് ഒരു ഇരുപത്തെട്ടുകാരന്റെ ജീവിതത്തിലുണ്ടായിരുന്ന നിറങ്ങളെ തിരിച്ചറിഞ്ഞു...
തോന്ന്യാക്ഷരങ്ങള് കുത്തിനിറച്ച ത്രിസന്ധ്യകളുടെ ആക്കെത്തുകയായി കിട്ടിയ അസുഖത്തെ കുറിച്ച് പറയുമ്പോഴും ഒരു ചെറു ചിരിയുണ്ടായിരുന്നു ചുണ്ടില്...
ആ ഫോട്ടൊയില് ക്ഷീണിച്ചൊട്ടിയ മുഖം ചേര്ത്ത്, "നോക്കമ്മൂ, ഞാന് സുന്ദരനല്ലെ ഇപ്പൊഴും..!" എന്നു പറഞ്ഞ പവിയുടെ മുന്നില് പൊട്ടികരഞ്ഞതെന്തിനാണെന്നെനിക്കിന്നും അറിയില്ല....
പൊതിച്ചോറുരുട്ടി വായില് വച്ചു കൊടുക്കുമ്പോള്‍ .....അവനെന്റെ മടിയില്‍ തലചായ്ച്ചുറങ്ങട്ടെ എന്നു ചോദിച്ചപ്പോള്‍ അമ്മയെന്ന വികാര‍ത്തിന്റെ നിര്‍വ്രിതി ഉള്ളിലുറവ കൂടുന്നതറിഞ്ഞു.
മടിയില്‍ കിടന്നു വിമ്മികരഞ്ഞപ്പോള്‍ അമ്മയുടെ ഉള്ളിലെ കയ്പ്പുനീരും അറിഞ്ഞു."
എനിക്കു മരിക്കാന്‍ വയ്യ അമ്മു....നിന്റെ ദൈവങ്ങളോടൊന്നു പറയ്യൊ എനിക്കു കുറച്ചു കാലം കൂടി തരാന്‍...? ജീവിക്കാന്‍ വല്ലാത്തൊരു കൊതിതോന്നുന്നു....പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?"
കരച്ചിലിനിടയില്‍ എപ്പൊഴോ പറഞ്ഞ രണ്ടു വരികള്‍..........അവിടെ വരണ്ട തൊണ്ടയോടെ,മനുഷ്യനെന്ന ലോകത്തിലെ ഏറ്റവും നിസ്സഹായജീവിയെ കണ്ടു.
നാളെ വരാമെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ ,പിറ്റേന്നു ആശുപത്രി വരാന്തയില്‍ പവിയുടെ നെറ്റിയില്‍ നിന്നും മരണത്തിന്റെ തണുപ്പരിച്ചുകേറിയപ്പോള്‍ എന്നിലെ മരണമെന്ന കാമുകന്‍ ഓടിയകലുന്ന ശബ്ദം കേട്ടു.
പകരം തളര്‍ന്നൊരു ശബ്ദം മാത്രം...."ജീവിക്കാന്‍ വല്ലാത്തൊരു കൊതിതോന്നുന്നു....പ്രാര്‍ഥിക്ക്യൊ ഞാന്‍ ജീവിക്കാന്‍..?"
**** **** *****

Saturday, July 4, 2009

ഭ്രാന്തി

“ച്ലും”………. ശബ്ദം കേട്ടു തിരിഞ്ഞപ്പോൾ പുറകിൽ ഉണ്ണിക്കുട്ടൻ. “ന്താ അവിടൊരൊച്ചാ കേട്ടൂലൊ… …? ….ഈശ്വരാ…പൊട്ടിച്ചൂലൊ ആ കുരുത്തം കെട്ട ചെക്കൻ… എല്ലാം പടുമുളയാണല്ലോ ന്റെ ഗുരുകാർന്നോന്മാരേ….” തളത്തിൽ അമ്മമ്മേടെ ശാപവിളി….

“ഞാൻ ഒന്നും ചെയ്തില്ല്യാ അമ്മുചേച്ചി…ഓടിയപ്പൊ
അറിയാണ്ടെ കൈ തട്ടീതാ…..അമ്മമ്മ എല്ലാത്തിനും ന്നോട് ദേഷ്യപ്പെടും…”

വിതുമ്പാൻ തുടങ്ങിയ അവനെ ചേർത്താശ്വസിപ്പിക്കുമ്പോൾ ഓർത്തു. നിന്നോടു മാത്രമല്ല…ഇയിടെയായി എല്ലാരോടും ഇങ്ങനെത്തന്നെയാ……പാവം എന്റെ അമ്മമ്മ….തറവാടിനും സന്തതി പരമ്പരകൾക്കും വേണ്ടി പ്രാർത്ഥിച്ചും നോമ്പുനോറ്റും തളർന്നു പോയിരിക്കുന്നു…..
ചെയ്ത പ്രർത്ഥനകൾക്കൊന്നും ഫലമില്ല്ലതായീന്നു തോന്നുമ്പോൾ എല്ലാരും ഇങ്ങനെത്തന്നെയാവും…..എല്ലാത്തിനേയും ശപിക്കും…കണ്ണീരില്ലാതെ കരയും….ഒടുവിൽ സത്യത്തെ സ്വീകരിക്കും. പക്ഷെ….…

ആറ്റുനോറ്റും ഉരുളികമിഴ്ത്തിയും ഉണ്ടാ‍യ, തറവാട്ടിലെ ഒരേ ഒരു പെൺതരി ബോധത്തിന്റേയും അബോധത്തിന്റേയും നീർച്ചാലുകളിൽ എവിടെയൊക്കെയോ മുങ്ങിത്തപ്പുമ്പോൾ…..
അത്ര എളുപ്പമൊന്നുമല്ല അത്…എന്നാലും…..

ഉണ്ണികുട്ടനെ സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോൾ തളത്തിൽ നിന്നും വിളികേട്ടു….പൂജ തുടങ്ങാനിട്ടുണ്ടാവും….താഴെ ഗന്ധർവ്വ പൂജയാണ്…കന്യകയായ പേരക്കുട്ടിയുടെ ആയുസ്സും ആരോഗ്യവും തിരിച്ചുകൊടുക്കാൻ ഗന്ധർവ്വനോടു പ്രാർത്ഥിക്ക്യാണ് അമ്മമ്മ….

താഴേക്കിറങ്ങുമ്പോൾ വെറുതെ കണക്കു കൂട്ടാൻ നോക്കി…എത്രാമത്തെ പൂജയാണിത്…? നാല്…അല്ല അഞ്ച്….അതോ ആറോ..? എന്നായിരുന്നു അവസാനത്തെ പൂജ…? ഇന്നലെ…?
ഇന്നലെ ഞാൻ ഉണ്ടായിരുന്നോ…? അപ്പൊ നാളെ…?

ഓർമ്മിക്കാൻ പറ്റുന്നില്ല… എനിക്കു ചിരി വരുന്നു…..അക്കങ്ങളും അക്ഷരങ്ങളും എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നു….

നിറങ്ങൾ വാരിവിതറിയ കളത്തിൽ ഇരുത്തിയപ്പോൾ ചുറ്റിനും നോക്കി…എല്ലാരുടെയും ശ്രദ്ധ പൂജയിലാണ്…
വീണ്ടും ചിരി വന്നു….
ഇപ്പൊ വരും…അവൻ….എന്റെ ഗന്ധർവ്വൻ…
ഇപ്പൊ വിളിക്കും അവൻ…“പെണ്ണേ….എടീ…”

എന്നും ഞാൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കും ഇവിടെ…എനിക്കു പെട്ടെന്നു ദേഷ്യം വരും…അതുകൊണ്ടാ….
പക്ഷെ പൂജയിൽ ഞാനൊരു വേലയും കാണിക്കില്ല…പൂജയിൽ അവൻ വരും…എനിക്കവനെ കാണണം…എനിക്കു മാത്രെ അവനെ കാണാൻ കഴിയൂ…

പൂജാരിയെ എനിക്കിഷ്ട്ടല്ല….എന്നെ തുറിച്ചു നോക്കും എപ്പൊഴും….
പൂജാരിയുടെ മുന്നിൽ പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ടാവും അവനെ…പൂജ തുടങ്ങിയാൽ അവൻ എണീറ്റു വരും…ഞങ്ങൾ ഒരുപാടു സംസാരിക്കും…അവനെന്റെ മടിയിൽ തല ചായ്ച്ചു കിടക്കും…ഞാൻ പറയണതെല്ലാം കേൾക്കും…ചെലപ്പൊ എന്നെ ഉമ്മ വയ്ക്കും…എല്ലാ ചടങ്ങും കഴിഞ്ഞ് , പൂജാരിയ്ക്കു ദക്ഷിണ കൊടുക്കാൻ അമ്മമ്മ പറയുന്ന നേരം വരെ…
.അപ്പൊ അവനെന്നൊടു പൊയ്ക്കോളാൻ പറയും…ഞാൻ പതുക്കെ എണീറ്റു പോവും…..തിരിഞ്ഞു നോക്കിയാലും അവൻ അവിടെത്തന്നെ ഉണ്ടാവും….

പക്ഷെ….?
ഇന്നെന്താ പറ്റിയേ…? ഇന്നെന്താ വരാത്തേ…..?
മറന്നോ എന്നെ…?
പറ്റില്ല….എനിക്കവനെ കാണണം…“അമ്മമ്മേ….എനിക്കവനെ കാണണംന്നാ പറഞ്ഞെ…..”എന്റെ ശബ്ദം കൂടി പോയോ…? അയാളെന്തിനാ എന്നെ തുറിച്ചു നോക്കണെ…?

എന്നെ അടിക്കണ്ടാന്നു അയാളോടൊന്നു പറയു അമ്മമ്മെ…എനിക്കു വേദനിക്കണ്ണ്ട്….നല്ലോണം വേദനിക്കണ്ണ്ട്….
അല്ല അയാളല്ല…അയാളല്ല എന്നെ അടിക്കണെ….വേറെ ആരൊ..?
അവൻ…!
അവനാ എന്നെ അടിക്കണെ…!
എന്തിനാ….എന്തിനാ….അവൻ….എന്നെ…?
വേണ്ട…വേണ്ട…..എന്നെ ഒന്നും ചെയ്യണ്ടാ…ഒന്നു പറയ്യ്യൊ…ആരെങ്കിലും….?
തലകറങ്ങുന്ന പോലെ…എന്നെ പിടിക്കു…അല്ലെങ്കിൽ ഞാൻ ഇപ്പൊ വീഴും….
അമ്മമ്മേ…..അമ്മമ്മേ……?
“ഈശ്വരന്മാരെ…..എന്റെ കുട്ടിയെ കാത്തോളണേ….” മടിയിലേയ്ക്കു എന്റെ ശിരസ്സെടുത്തു വയ്ക്കുമ്പൊൾ അമ്മമ്മേടെ ശബ്ദം….
താനെ അടഞ്ഞു പോകുന്ന കണ്ണിലേയ്ക്കു മടങ്ങുമ്പോഴും വെറുതെ ഓർത്തു…..പാവമല്ലെ ഞാൻ….? സ്നേഹിച്ചിട്ടല്ലെയുള്ളു അവനെ… ?
പിന്നെന്തിനാ…?അവനെന്തിനാ എന്നെ അടിച്ച്ത്...? വേദനിപ്പിച്ചത്….?
എന്തിനാ എന്നെ………???