Saturday, October 19, 2024

ബാലികാ ദിനം

പെൺകുട്ടികളുടെ ശാക്തീകരണത്തിനായി എല്ലാവരും പറയുന്ന കാര്യമാണ് അവർക്ക് പരമാവധി വിദ്യാഭ്യാസം നൽകുക എന്നത്... പക്ഷേ നമ്മുടെ സമ്പ്രദായക വിദ്യാഭ്യാസത്തിൽ പെൺകുട്ടികൾക്ക് അങ്ങനെയൊരു ശാരീരിക മാനസിക വൈകാരിക ശക്തികരണം നൽകുന്നുണ്ടോ? കൗമാരത്തിൽ എത്തുന്ന കുട്ടികളെല്ലാം വഴിതെറ്റാൻ വേണ്ടി നടക്കുന്നവരാണ് എന്ന മുൻധാരണയോടു കൂടി പെരുമാറുന്ന അധ്യാപകരുള്ള സ്കൂളുകൾ എന്ത് ശക്തികരണമാണ് നൽകുന്നത്? കൂടെയുള്ള ആൺകുട്ടിയോട് ഒരു സൗഹൃദം വെച്ചാൽ പ്രായത്തിന്റേതായ അടുപ്പം തോന്നിയാൽ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു വട്ടത്തിൽ വളഞ്ഞ്, പെൺകുട്ടികൾക്ക് മാത്രം മൊറാലിറ്റി ട്യൂഷൻ കൊടുക്കുന്ന ടീച്ചർമാർ വംശനാശം സംഭവിച്ചിട്ടില്ലാത്ത കാലമാണിത്. ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കെന്ന ഉദാഹരണം കാണിച്ച് തെറ്റുകൾക്ക് എതിരെ ഒരു പെൺകുട്ടി പ്രതികരിച്ചാൽ നീ പെണ്ണാണ് എന്ന ഭീഷണി ഉള്ളിലൊളിപ്പിച്ച ഓർമ്മപ്പെടുത്തലുകൾ നിറഞ്ഞ വിദ്യാഭ്യാസ രീതി.. തെറ്റുകൾക്കെതിരെ പ്രതികരിക്കുന്ന പെൺകുട്ടികൾ എല്ലായിപ്പോഴും താന്തോന്നികളായി ചിത്രീകരിക്കപ്പെടുകയും അധ്യാപകർ പറയുന്നത് തൊണ്ട തൊടാതെ ഇറക്കി എല്ലാത്തിനും തല തലകുലുക്കി സമ്മതിച്ചു കൊടുക്കുന്നവർ എല്ലാം തികഞ്ഞ വിദ്യാർത്ഥികൾ മിടുക്കരായി കണക്കാക്കപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസ മേഖല. ചിന്തിക്കാനോ ചിന്തകൾക്ക് അനുസരിച്ച് പ്രവർത്തിക്കാനോ മറ്റുള്ളവരുടെ അനു വാദങ്ങൾക്ക് കാത്തുനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം ഓർമ്മിപ്പിക്കുന്ന വിദ്യാഭ്യാസരീതി. പൊരുത്തപ്പെടാനാവാത്ത ഒരു ബന്ധത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ മരണത്തിന്റെ കാലൊച്ച പിന്നിൽ കേട്ടുകൊണ്ട് ജീവിക്കേണ്ടിവരുന്ന നിസ്സഹായത ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസരീതി.. വീടിന്റെയും നാടിന്റെയും അഭിമാനം നിന്റെ നാവിൻതുമ്പിലും ശരീരത്തിലെ അവയവങ്ങളിലും ആണെന്ന് പെൺകുട്ടിയെ നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരീതി... നല്ല പെണ്ണ് എന്നത് മറ്റുള്ളവർ പറയുന്നത് മറുവാക്ക് ഒന്നുമില്ലാതെ അനുസരിക്കുന്ന, അക്കാദമിൿസിൽ ഉയർന്ന സ്കോറുകൾ നേടുന്ന, ഒരേപോലെ വീട്ടിലെ കാര്യങ്ങളും ജോലിയിലെ കാര്യങ്ങളും ട്രപ്പീസ് കളിക്കാരി യുടെ സമർപ്പണത്തോടെ ചെയ്യുന്നവളാണ് എന്ന് മറന്നു പോകാതിരിക്കാൻ കഠിനപരിശ്രമം നടത്തുന്ന വിദ്യാഭ്യാസ രീതി.. ഇതിലെവിടെയാണ് നമ്മൾ പെൺകുട്ടികളെ ശാക്തീകരിക്കാൻ പഠിപ്പിക്കുന്നത്? നിങ്ങൾ എന്നത് വെറുമൊരു ശരീരമല്ല എന്നും നിങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ആഭരണം വ്യക്തിത്വമാണ് എന്നും ഈ സിലബസുകൾ ക്കിടയിൽ എവിടെയാണ് പഠിപ്പിക്കുന്നത്? സ്വന്തം ലോജിക്കിനു അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ട് ക്ലാരിറ്റി വരുത്തുക എന്നതാണ് ബുദ്ധിയുടെ അളവുകോൽ എന്ന് എവിടെയാണ് നമ്മൾ പഠിപ്പിക്കുന്നത്? മികച്ച വിദ്യാർഥിയാവുക എന്നതിന്, വിനയം കൊണ്ട് നട്ടെല്ലു പൊട്ടും വിധം വളഞ്ഞു നിൽക്കുക എന്നല്ല എന്നു പറഞ്ഞു കൊടുക്കാത്ത സ്കൂൾ കാലഘട്ടങ്ങളിൽ എവിടെയാണ് പെൺകുട്ടികളെ നമ്മൾ ശാക്തീകരിക്കുന്നത്? ഉയർന്ന പ്രൊഫഷണൽ വിദ്യാഭ്യാസ കോഴ്സിന് പഠിക്കുമ്പോഴും ഒരു റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ വന്നു സ്വന്തം നാട്ടിലേക്കുള്ള വണ്ടി കണ്ടുപിടിക്കാൻ പോലും ധൈര്യമില്ലാത്ത അവസ്ഥയിലേക്ക് വളർത്തിയെടുക്കുന്നതാണോ ശക്തികരണം? കൗമാരത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ശാരീരിക വ്യായാമം പോലും നിഷേധിക്കുന്നതാണോ അവർക്കുള്ള ശക്തികരണം? ക്ലബ്ബുകളും വായനശാലകളും സാംസ്കാരിക പ്രവർത്തനങ്ങളും സമപ്രായക്കാരും ആയുള്ള ഒത്തുചേരലുകളും നിഷേധിക്കൽ ആണോ അവർക്കുള്ള ശക്തീകരണം? കയ്യും മെയ്യും മറന്ന് ഉത്സവങ്ങളും ആഘോഷങ്ങളും ആർത്ത് ഉല്ലസിക്കാൻ ഉള്ള അവസരങ്ങൾ നിഷേധിക്കൽ ആണോ അവർക്കുള്ള ശാക്തീകരണം? എപ്പോൾ വേണമെങ്കിലും ബലാത്സംഗത്തിന് ഇരയാകാവുന്ന ഒരു ശരീരമായി നമ്മുടെ പെൺകുട്ടികളുടെ മനസ്സിൽ എല്ലാകാലവും ഒരു ഭീതി ജനിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നല്ലാതെ അതിനപ്പുറം ബൗദ്ധികമായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒന്നും നൽകുന്നില്ല എന്നാതാണ് വേദനിപ്പിക്കുന്ന സത്യം. ഓരോ വയസ്സ് കൂടുംതോറും സ്വയം ഉള്ളിലേക്ക് ചുരുങ്ങാൻ ആണ് ഇവിടെ പ്രോത്സാഹനം ലഭിക്കുന്നത്. ഉയർന്ന ബിരുദവും കണ്ണഞ്ചിപ്പിക്കുന്ന ശമ്പളവും ഒക്കെയുള്ള ജോലി നേടിയിട്ടും ജീവിതത്തിൽ പിടിച്ചുനിൽക്കാതെ നമ്മുടെ പെൺകുഞ്ഞുങ്ങൾ തോറ്റു പോകുന്നത് ബാല്യത്തിലും കൗമാരത്തിലും നമ്മൾ അവരിൽ കുത്തി നിറച്ചിട്ടുള്ള കുറെ നിസ്സഹായതകൾ കൊണ്ട് മാത്രമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വന്തം പെൺമക്കളോട് ചർച്ചചെയ്യുന്ന എത്ര സാധാരണ മാതാപിതാക്കൾ ഉണ്ടാകും? കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഏതോ ഒരു വീട്ടിലെ കുറേപേരെ സംതൃപ്തിപ്പെടുത്താൻ വേണ്ടിയല്ല സ്വന്തം പെൺമക്കളെ വളർത്തുന്നത് എന്ന ബോധം അച്ഛനമ്മമാർക്ക് വേണം. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാർക്ക് ഇടേണ്ടത് നാട്ടുകാർ അല്ല എന്ന ബോധവും വീട്ടുകാർക്ക് വേണം. 80കളിലും 90കളിലും കൗമാരം പിന്നിട്ട മാതാപിതാക്കൾ അന്ന് അവരെക്കൊണ്ടാവുന്ന വിധത്തിൽ ഒക്കെ break the rules പ്രാക്ടീസ് ചെയ്തിട്ടുണ്ടാവും. ഇന്നത്തെ കുട്ടികൾ അവർക്ക് മുന്നിൽ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾ വച്ച് അവരുടെ മനോഗതം നടപ്പിലാക്കുന്നു. അത്രയേ ഉള്ളൂ. എന്റെ കൗമാരം പോലെയല്ല എന്റെ കുഞ്ഞിന്റെ കൗമാരം എന്ന് പറയുമ്പോൾ, എന്റെ കൗമാരത്തിൽ ഞാൻ കേട്ടിട്ടുപോലുമില്ലാത്ത കാര്യങ്ങൾ എന്റെ കുഞ്ഞ് ബാല്യത്തിലെ കണ്ടറിഞ്ഞു വളരുന്നുണ്ട് എന്നതും മറക്കരുത്. സ്വന്തം മക്കളോട് ഒരു വൈകാരിക ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കൂ. വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊണ്ടോ ഇന്റർനാഷണൽ ടൂർ കൊണ്ടോ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല അത്. വീട്ടുകാരെ കുട്ടിക്ക് ഒരു വിശ്വാസം തോന്നണം. കുട്ടി എന്തു പറഞ്ഞാലും കണ്ണടച്ച് സമ്മതിച്ചു കൊടുക്കുന്നു എന്നല്ല അതിനർത്ഥം. പക്ഷേ ഒരു പ്രശ്നം വന്നാലും ഒരു സങ്കടം വന്നാലും കൂടെ നിൽക്കാൻ ആളുണ്ട് എന്നൊരു തോന്നൽ നിങ്ങളുടെ പെൺകുഞ്ഞിൽ ഉണ്ടാക്കിയെടുത്തു നോക്കൂ . പെൺകുട്ടിക്ക് കൊടുക്കുന്ന അത് നൽകുന്ന ബലം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ ബലത്തിൽ അവൾ ഉയർന്നു പറക്കട്ടെ.. അവളുടെ സാമ്രാജ്യങ്ങൾ കണ്ടെത്തട്ടെ.. #happydaughtersday2024 NB : ഇവിടെയുള്ള ഒരുപാട് അച്ഛനമ്മമാർ അങ്ങനെ ധൈര്യത്തോടുകൂടി ആയിരിക്കും സ്വന്തം പെണ്മക്കളെ വളർത്തുന്നത്. പക്ഷേ കേരളത്തിന്റെയും ഇന്ത്യയുടെയും ഗ്രാമീണ പ്രദേശങ്ങളിൽ ഒന്നും എല്ലായിടത്തും അങ്ങനെയല്ല. 🙏🏻